പ്രശാന്തം :: കവിത :: (റുഫൈദ. പി. കുന്ദമംഗലം)
<————————————————————--——>
ചന്ദനക്കട്ടിലൊന്നും പണിയേണ്ടയീ ചന്ദ്രകാന്തം പൂക്കും രാവിനെ പുൽകുവാൻ.
ഈ നിലാവിന്നൊളി ചാർത്തുമ്പോഴെന്തിനു
വെള്ളിതൻ ഭാരം നമുക്കു വേറേ?
കല്ലേറെൽക്കാതുറങ്ങുന്നു മാന്തോപ്പ്
പൊള്ളുന്ന പാതകൾ ഇരവിൽ കുളിർന്നു
ശാന്തമായ് നിൽപ്പൂ പ്രപഞ്ചഭാവം
നാമും ശാന്തരായ് മാറിടാം തെല്ലുനേരം.
കാണുന്നോർക്കെല്ലാം നിഴൽ വസ്ത്രമേകി
തത്വം ജപിക്കുന്ന ശ്രേഷ്ടയാമം
രൂപങ്ങൾ കൊണ്ടുള്ള ഭിന്നതയുണ്ടേലും
അസാധ്യം ചിലതിനെ നിർണയിക്കാൻ.
ഇപ്പോൾ നാം വെറും മനുഷ്യക്കോലങ്ങൾ
കറുപ്പണിഞ്ഞോർ നിഴൽരൂപങ്ങൾ മാത്രം.
ആർക്കറിയാം ഇന്നീ രാവിലെന്നെ
പണവും പദവിയും തുച്ഛമെങ്കിൽ?
തിരിച്ചറിവിൻ മുഖച്ചായകൾ മങ്ങുന്നു
ഇരുട്ടിൻ വൃഥാവിൽ മുങ്ങുന്നു സർവ്വം.
അഴിച്ചുവെച്ചീടാമീ മേൽവസ്ത്രം, പൊന്നാട
ഹൃദയത്തിലിത്തിരി വെട്ടം തെളിഞ്ഞിടും
അടഞ്ഞോട്ടെ ഇടുങ്ങിയ കനകവാതിൽ
ആകാശനീലിമയോരാം നമുക്കിനി.
സംഘർഷദു:ഖങ്ങളെ ജയിച്ചീടുവാൻ
സ്വസ്ഥതയേൽക്കാം ഇന്നീ ശാന്തതയിൽ
ഒളി മങ്ങി കൂരിരുൾ തൂവും മെല്ലെ
നിത്യതയായ് അവ നീളും മുമ്പേ
പ്രശാന്തമായൊന്നിനി നിശ്വസിക്കാം.
ആദിത്യൻ വന്നു, തൻ ഭാണ്ഡവുമായി
കനലിട്ടു വേവിച്ച പൊന്നു കാട്ടി- കുത്തിയുണർത്തവേ,
തൽക്ഷണം കൈകളിൽ വാരിയെടുക്കുവാൻ
വേർത്തും തളർന്നും ശൂന്യരാകും
മൽസരവേളയിങ്ങെത്തും മുന്നേ,
മിഴികളിലൊത്തിരി ചേർത്തുവെയ്ക്കാം
തുംഗത്തിൽ വാഴുന്ന വെൺപ്രഭയെ.
ഈ നീലരാവിനെ കണ്ടുമദിക്കുവാൻ
പൃഥിയിലുള്ള പിറപ്പേ വേണ്ടൂ.
സർവ്വസുഖത്തിലെ വാഴ് വിന്നു പെൺകൊടീ
ഈ മധു കൂടി നുണഞ്ഞേപ്പറ്റൂ.
റുഫൈദ. പി
Aranu eyuthiyath
ReplyDeleteMy daughter Rufaidha
ReplyDelete