Saturday, December 29, 2018

സത്യമേവ ജയ

:: സത്യമേവ ജയ :: കവിത (റുഫൈദ. പി. കുന്ദമംഗലം)

കൂടുടഞ്ഞു താഴെ വീണു ഞാൻ 
കൂടെ എന്റെ പൊൻകിനാക്കളും 
ചിറകൊടിഞ്ഞു താഴെ വീണു ഞാൻ 
ചിരി മറഞ്ഞു എന്റെ മക്കളും

കുരുതി കണ്ട് നിന്നു ചിരിക്കും
നിൻ്റെ ചിന്ത ഏതു മർത്ത്യനേ?
പതിവു പോലെ ശാപമേറ്റിടും
നിൻ്റെ കൂടും പുകിലുടച്ചിടും

എന്റെ കാട് ചുട്ടെരിക്കുവോർ
എൻ്റെ പൂവും തച്ചുടച്ചുവോ? 
എന്റെ കാറ്റ് കൂട്ടിലാക്കി നീ
എൻ്റെ നെഞ്ചിൽ തീ പടർത്തി നീ

കരിയിലകൾ തെന്നി വീണിടും
നിലമതിൽ ഞാൻ ഇന്നു നിശ്ചലം
വലയിലാക്കി എന്റെ നാളുകൾ
കൂടയെടുത്തു നീ മറയവേ

എന്റെ ഹൃദയമത്യുധാരയിൽ
നോവടക്കി ഞാൻ ഉറങ്ങവേ
കഥ നിറഞ്ഞ നുകമടർന്നു ഈ
ചെളി പുരണ്ട വിധിയിലേകനായ്

പകരമായ് വരും ദിനങ്ങളിൽ
പകയെടുത്ത് ഞാൻ ഉറഞ്ഞിടും
നിൻ്റെ മുകളിൽ കത്തും സൂര്യനായ്
നിൻ്റെ വഴിയിലെത്തും ധീരനായ്

ഇന്നു ഞാൻ കരഞ്ഞ കണ്ണിനാൽ
അന്നു നീ പുകഞ്ഞു നീറിടും
ഇന്നു നീ ചിരിച്ചു വാഴുക
നാളെ ഞാൻ ജ്വലിച്ചു വാണിടും

ഇന്നു നീയും നാളെ ഞാനുമായ്
പിന്നെ എന്നും സത്യം നിത്യനായ്
വന്നു ചേരും കാലയാമമേ
വന്നു പുൽകൂ വേകമെത്രയും
 ~~~> (റുഫൈദ. പി. കുന്ദമംഗലം) <~~~

Monday, December 17, 2018

നിറമുള്ള പീലി

നിറമുള്ള പീലി :: കവിത :: (റുഫൈദ. പി. കുന്ദമംഗലം)


നിറമുള്ള പീലിപോൽ മോഹങ്ങളായിരം
നിറമയിലായി ആടുന്ന നേരം
മാനത്ത് മാരിവിൽ വർണ്ണങ്ങൾ തൂകുമ്പോൾ
പാടുന്നു ജീവിതം നൃത്തമാടി. 

പെട്ടെന്നൊരാളെന്നിൽ ഇരുളിന്റെ വിത്തിട്ടു
പടരുന്നു എങ്ങും നിഴൽകുത്തായ് 
മിഴിനീരു മോഹിച്ചു വന്നെത്തി ദുഖങ്ങൾ
ഒടുവിൽ ഞാൻ വേദനയിലൊഴുകുകയായ്.

കണ്ണീർ കദനത്തെ കാഴ്ച്ചയ്ക്കുവെക്കുന്ന 
നടകളിൽ ഏകനായ് ഞാനിരുന്നു
സ്വസ്ഥമായ് വാഴുവാൻ ജീവിതമസ്വസ്ഥ-
ചിന്തതൻ നെരിപോടിൽ വീണുരുകുമ്പോൾ

എന്റേത് മാത്രമെന്നോതി ഞാൻ കാത്തതാം
നിറമുള്ള പീലി വിടർന്നു നിന്നു
നമ്മളേയുള്ളൂ നമുക്കു നാം തണലായി
നമ്മളേയുള്ളൂ നമുക്കു നാം വെയിലായി

നമുക്കു നമ്മളേ തീർക്കുന്നു പാനങ്ങൾ
അതിലിറ്റു നിഴൽ വന്നു വീഴുന്നതും, 
പൊഴിയുന്ന മിഴിനീരും നമ്മുടേത്.

                           (റുഫൈദ. പി. കുന്ദമംഗലം)

Sunday, December 9, 2018

തെരുവിലെ കിനാക്കൾ

:: തെരുവിലെ കിനാക്കൾ ::
(റുഫൈദ. പി. കുന്ദമംഗലം)

നാളെ മദനത്തേരിൽ ഞാനും സുവർഗ്ഗമെത്തും
അന്നു കളിച്ചു നിൽക്കും കാറ്റിൻ അലയടിക്കും. 
പാരതന്ത്രത്തിൻ നോവ് മയങ്ങി വീഴും, കാലിൽ-
വിലങ്ങു തീർക്കും നയങ്ങൾ മൺമറഞ്ഞിടും. 

കുഞ്ഞു നോവുകളിൽ ഞാനെന്നെ തെളിഞ്ഞു-              
                                                            കാണും.  
അന്നൊരു നാൾ ദു:ഖങ്ങളില്ലാതെ ഞാനുണരും.
പുലരും സൂര്യനോടന്നാദ്യമായ് കളിപറയും. 
സന്ധ്യാസീമയിൽ കാത്തിരിക്കും ഞാൻ ഇരുണ്ട-
                                    ശാന്തിക്കു വരവേൽപ്പുമായ്. 

അന്നുതൊട്ടാതിര രാവുദിക്കും
ആടിയും പാടിയും ഞാൻ കളിക്കും. 
മോഹിച്ച ഗോപുരം ആശിച്ച പൂവുമായ് 
ദ്യോവിലെ മണ്ഡപമേറിടും ഞാൻ. 

സ്വപ്ന സഞ്ചാരിയായ് നിശയിൽ-                         
                                        നിദ്രയണഞ്ഞിടുമ്പോൾ
പകൽ വെച്ചുനീട്ടിയ മുൾകിരീടം പുഷ്പങ്ങളായി-
                                        വിരിഞ്ഞു നിൽക്കും. 

അതിരറ്റ സ്വപ്നത്തിൽ നിഴൽ പരത്തി വീണ്ടും
ഉഷസ്സായ് വന്നെത്തി തെരുവുവേഷം. 
വെറും സ്വപ്നങ്ങളാണെന്നറിയുന്ന മുന്നേ
ഉദരദാരിദ്ര്യം നാവു നീട്ടുന്നു, അതി ക്രൂരം. 
സങ്കൽപപ്പണി കഴിഞ്ഞെത്തിയ മാനസം
നിന്നു വിയർക്കുന്നീ പകൽ ചൂടേൽക്കെ. 

സ്വപ്നങ്ങൾ സ്വർണ്ണകതിരിടാനെന്നും
നിദ്രയായ് ജലമേഘം വന്നിടും പോയിടും. 
നിരന്തരമല്ലെൻ്റെ പകലും കിനാക്കളും. 
നിയതി വഴിമാറി പോയിടാം,  ആകയാൽ
മണ്ഡപമേറി നിന്നാശകൾ ചൊന്നിട്ടു-
നന്ദി പറഞ്ഞിങ്ങു പോരുന്നു ഞാൻ എന്നും. 
                               റുഫൈദ. പി

Monday, December 3, 2018

പ്രശാന്തം

പ്രശാന്തം :: കവിത :: (റുഫൈദ. പി. കുന്ദമംഗലം)
<————————————————————--——>
ചന്ദനക്കട്ടിലൊന്നും പണിയേണ്ടയീ
ചന്ദ്രകാന്തം പൂക്കും രാവിനെ പുൽകുവാൻ.
ഈ നിലാവിന്നൊളി ചാർത്തുമ്പോഴെന്തിനു
വെള്ളിതൻ ഭാരം നമുക്കു വേറേ?

കല്ലേറെൽക്കാതുറങ്ങുന്നു മാന്തോപ്പ്
പൊള്ളുന്ന പാതകൾ ഇരവിൽ കുളിർന്നു
ശാന്തമായ് നിൽപ്പൂ പ്രപഞ്ചഭാവം
നാമും ശാന്തരായ് മാറിടാം തെല്ലുനേരം.

കാണുന്നോർക്കെല്ലാം നിഴൽ വസ്ത്രമേകി
തത്വം ജപിക്കുന്ന ശ്രേഷ്ടയാമം
രൂപങ്ങൾ കൊണ്ടുള്ള ഭിന്നതയുണ്ടേലും
അസാധ്യം ചിലതിനെ നിർണയിക്കാൻ.

ഇപ്പോൾ നാം വെറും മനുഷ്യക്കോലങ്ങൾ
കറുപ്പണിഞ്ഞോർ നിഴൽരൂപങ്ങൾ മാത്രം.
ആർക്കറിയാം ഇന്നീ രാവിലെന്നെ
പണവും പദവിയും തുച്ഛമെങ്കിൽ?

തിരിച്ചറിവിൻ മുഖച്ചായകൾ മങ്ങുന്നു
ഇരുട്ടിൻ വൃഥാവിൽ മുങ്ങുന്നു സർവ്വം.
അഴിച്ചുവെച്ചീടാമീ മേൽവസ്ത്രം, പൊന്നാട
ഹൃദയത്തിലിത്തിരി വെട്ടം തെളിഞ്ഞിടും

അടഞ്ഞോട്ടെ ഇടുങ്ങിയ കനകവാതിൽ
ആകാശനീലിമയോരാം നമുക്കിനി.
സംഘർഷദു:ഖങ്ങളെ ജയിച്ചീടുവാൻ
സ്വസ്ഥതയേൽക്കാം ഇന്നീ ശാന്തതയിൽ

ഒളി മങ്ങി കൂരിരുൾ തൂവും മെല്ലെ
നിത്യതയായ് അവ നീളും മുമ്പേ
പ്രശാന്തമായൊന്നിനി നിശ്വസിക്കാം.

ആദിത്യൻ വന്നു, തൻ ഭാണ്ഡവുമായി
കനലിട്ടു വേവിച്ച പൊന്നു കാട്ടി- കുത്തിയുണർത്തവേ,
തൽക്ഷണം കൈകളിൽ വാരിയെടുക്കുവാൻ

വേർത്തും തളർന്നും ശൂന്യരാകും
മൽസരവേളയിങ്ങെത്തും മുന്നേ,
മിഴികളിലൊത്തിരി ചേർത്തുവെയ്ക്കാം
തുംഗത്തിൽ വാഴുന്ന വെൺപ്രഭയെ.

ഈ നീലരാവിനെ കണ്ടുമദിക്കുവാൻ
പൃഥിയിലുള്ള പിറപ്പേ വേണ്ടൂ.
സർവ്വസുഖത്തിലെ വാഴ് വിന്നു പെൺകൊടീ
ഈ മധു കൂടി നുണഞ്ഞേപ്പറ്റൂ.
               റുഫൈദ. പി