"മഴ",
അനുഭൂതിയുടെ പ്രതീകം.
നനവിന്റെ സ്പർശം.
ദാഹത്തിന്റെ സ്വപ്നം.
കുളിർമയുടെ അനുഭവം.
വരണ്ട മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രതീക്ഷ.
കനലിന്റെ മറവിൽ ചുവടുവെക്കുന്ന നർത്തകി.
പ്രണയം മറച്ചുവെക്കുന്ന,
കണ്ണുനീരിൽ ഇല്ലാതാകുന്ന,
സ്നേഹത്തിൻ മൂർത്തീ രൂപം.
ആർക്കോ വേണ്ടി പെയ്തിറങ്ങുന്ന
കനിവിന്റെ തുള്ളി.
"മഴ",
അവൾ ആശ്രിതയാണ്.
ലക്ഷ്യമില്ലാതലയും കാറ്റിന്നധീനയാണവൾ.
ജീവിതത്തിൻ കടിഞ്ഞാൺ വലിയുമ്പോൾ
അവൾക്കും ലക്ഷ്യം പിഴക്കുന്നു.
ചിലർ കൊടുങ്കാറ്റായും
മറ്റു ചിലർ ചുഴലിക്കാറ്റായും
ഭയപ്പെടുത്തുമ്പോൾ
അവൾ സ്ഥാനം തെറ്റി പെയ്യുന്നു.
ചിലപ്പോൾ ആർക്കും വേണ്ടിയല്ലാതെ.
>>> Rufaidha Puttatu <<<