Monday, December 16, 2019

/// ശബ്ദം ///

/// ശബ്ദം ///

ശബ്ദം ശബ്ദം ഉയരട്ടെ ...
അതിലുത്തമ ചിന്തകളുണരട്ടെ ...

സ്വാതന്ത്രത്തിൻ അലകളിലെങ്ങും
വീര വിപ്ലവം ഉയിരടട്ടെ ...
വാക്കിലുറഞ്ഞൊരു കൽപ്പടവായി
ചരിതം മണ്ണിലുറയട്ടെ ...

ഏതൊരു ശബ്ദം തൂക്കിലേറി ?
ഏതൊരു വാക്കിനെ കഴുത്തറുത്തു ?
ധ്വനികളിലേതു മരണപ്പെട്ടു?
വചനമതേതു തടവറ പുൽകി ?

ആരവമാരവം സമസ്ത കണ്ഠവും
അഴിഞ്ഞു വീഴുക അനീതി സർവ്വവും.
ഒരു ചെറുകുമ്പിൾ ഗർജ്ജനമേറ്റി -
ട്ടെത്ര കുറുനരി വിറച്ച കഥകൾ .
ഒരു ചെറുകുമ്പിൾ വചനങ്ങൾകൊ-
ണ്ടെത്ര മാനവ പുനർജ്ജനനം,

ശബ്ദം ശബ്ദം ഉയരട്ടെ ...
അതിലുത്തമ ചിന്തകളുണട്ടെ ...

ഉത്തമമാനവ ഹൃത്തടമെല്ലാം
ഇത്തരുണത്തിൽ പാകുക വിത്തുകൾ
നാളെ തണലായ്
കനിയായ് കനലായ്
കാടുകളുണർന്നു ചെറുത്തു ചൊല്ലും
അവകാശം ഈ ജീവിതമെങ്കിൽ
ധർമ്മം ജീവിതദാനമെങ്കിൽ
സ്വമണ്ണിലെ ജീവിതവാദമിത്.
ഇതെന്റെ സ്വമണ്ണിലെ ജീവിതവാദം.

കൊഴുത്ത പശുവിനു മനുഷ്യകൊലകൾ
മാനവരാശിക്കപമാനം.
ബഹുസ്വര നാട്ടിൽ ഒരൊറ്റ ഭാഷ
ഇന്ത്യക്കെന്നും അപമാനം
അവരിന്ത്യക്കെന്നും അപമാനം.

ശബ്ദം ശബ്ദം ഉയരട്ടെ ...
അതിലുത്തമ ചിന്തകളുണട്ടെ ...
സത്യം ധർമ്മമതാകട്ടെ ...
സമസ്ത നീതിയതാകട്ടെ ...
നെഞ്ചിലെ വീര്യമതാകട്ടെ ...

ശ്രേഷ്ഠം, ഭയവും ഒളിവും ഓട്ടവുമല്ല -
ഉറച്ച വീരമൃത്യുവതാകട്ടെ ...
ഇനിയും മടുത്ത മൗനികളെന്തിനു?
ഭാഷിണിയാവുക സോദരരേ...
കടുത്ത ഭാഷിണിയാവുക ഭാരതമേ...
ശബ്ദം ശബ്ദം ഉയരട്ടെ ...
അതിലുത്തമ ചിന്തകളുണട്ടെ ...
                               Rufaidha puttattu.
                               Musliyarangadi.

Tuesday, February 5, 2019

/// ആശ്രിത ///



"മഴ", 
അനുഭൂതിയുടെ പ്രതീകം. 
നനവിന്റെ സ്പർശം. 
ദാഹത്തിന്റെ സ്വപ്നം. 
കുളിർമയുടെ അനുഭവം. 

വരണ്ട മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രതീക്ഷ. 
കനലിന്റെ മറവിൽ ചുവടുവെക്കുന്ന നർത്തകി. 

പ്രണയം മറച്ചുവെക്കുന്ന, 
കണ്ണുനീരിൽ ഇല്ലാതാകുന്ന,
സ്നേഹത്തിൻ മൂർത്തീ രൂപം. 
ആർക്കോ വേണ്ടി പെയ്തിറങ്ങുന്ന 
കനിവിന്റെ തുള്ളി. 

"മഴ", 
അവൾ ആശ്രിതയാണ്. 
ലക്ഷ്യമില്ലാതലയും കാറ്റിന്നധീനയാണവൾ. 
ജീവിതത്തിൻ കടിഞ്ഞാൺ വലിയുമ്പോൾ
അവൾക്കും ലക്ഷ്യം പിഴക്കുന്നു. 

ചിലർ കൊടുങ്കാറ്റായും
മറ്റു ചിലർ ചുഴലിക്കാറ്റായും
ഭയപ്പെടുത്തുമ്പോൾ 
അവൾ സ്ഥാനം തെറ്റി പെയ്യുന്നു. 
ചിലപ്പോൾ ആർക്കും വേണ്ടിയല്ലാതെ.
             >>> Rufaidha Puttatu <<<